2014, ജനു 5

വർഗ സമരം


രാവിലെ പരാതിയുമായി രാജാവിനെ കാണാൻ ഇറങ്ങിയതായിരുന്നു സഖാവ്. കൊട്ടാരത്തിലെ ഒരുക്കങ്ങളും ഭടന്മാരെയും ആയുധങ്ങളും കണ്ട സഖാവിന്റെ തൊണ്ട വരണ്ടു. ഒരു കാപ്പി കുടിച്ചാലോ എന്ന മുതലാളിയുടെ ക്ഷണത്തെ മനസ്സാൽ ആശ്ലേഷിച്ചു സഹ നടന്മാര്ക്കൊപ്പം സഖാവും യാത്രയായി. മുന്തിയ നക്ഷത്ര ഹോട്ടലിൽ ഓറഞ്ച് ജൂസും നുണഞ്ഞിരുന്ന സഖാവിനോട് മുതലാളി പറഞ്ഞു, "കൌമാരത്തിൽ കമ്മ്യുണിസ്റ്റ് ആവാത്തവൻ കാശിനു കൊള്ളില്ല. കൌമാരം കഴിഞ്ഞും കമ്യുണിസ്റ്റ് ആയി തുടരുന്നവനും കാശിനു കൊള്ളില്ല" രക്തം ചെറുതായിട്ട് ചൂടായി. പക്ഷെ തിളച്ചില്ല. പഞ്ച നക്ഷത്ര ശീതീകരണ യന്ത്രത്തിന്റെ ഒരു പവർ. എന്തായാലും മീറ്റിംഗ് കഴിഞ്ഞു സഖാവ് ഇറങ്ങി നടന്നു. നടന്നു തളർന്നപ്പോൾ ഒന്ന് വിശ്രമിക്കാം എന്ന് കരുതി നഗരത്തിലെ ശ്മശാനത്തിൽ ഒരു ബീഡിയും കത്തിച്ചു ഇരിപ്പായി. സാധാരണ കറങ്ങി നടക്കുന്ന പ്രേതങ്ങളെ ഒന്നും കാണുന്നില്ല.  പണ്ട് കണ്ടിട്ടില്ലാത്ത അരാഷ്ട്രീയ ആത്മാക്കൾ അവിടെയൊക്കെ അലഞ്ഞു തിരിയുന്നു. ആപ് ആണ് പോലും ആപ്. വൈകിട്ട് വരെ ഇരുന്നിട്ടും ഒരു കമ്മ്യൂണിസ്റ്റ്‌ പ്രേതത്തെ പോലും കാണാത്ത നിരാശയിൽ സഖാവ് ഒരു കുഴി കുഴിച്ചു അതിൽ ഇറങ്ങി കിടന്നു. അരികില ഒരു ചുമ്മന്ന കൊടിയും കുത്തി വെച്ച് . ഉടൻ തന്നെ ലാൻഡ്‌ രോവറിൽ ഒരു പറ്റം സഖാക്കൾ വന്നിറങ്ങി കുഴിക്കു മുകളിൽ ഒരു മുട്ടൻ മണ്ഡപം പണിഞ്ഞു. എന്നിട്ടവർ  രക്ത സാക്ഷികൾ സിന്ദാബാദ് എന്നുരുവിട്ടു കൊണ്ടിരുന്നു. സഖാവോ കുഴിയിൽ കിടന്നു ശ്വാസം മുട്ടിയിട്ടും മരിച്ചില്ല 

2010, ഫെബ്രു 11

എവിടെ എന്റെ സംഗീതം ....?

പണ്ടൊക്കെ ഒരു നനുത്ത ഗാനത്തിന്റെ ഈരടികള്‍ എന്റെ ചുണ്ടില്‍ ഇപ്പോഴും തത്തി കളിച്ചിരുന്നു. ഉണരും മുതല്‍ ഉറങ്ങും വരെ ഉള്ളില്‍ അല വെട്ടിയിരുന്ന സംഗീതത്തിന്റെ ആ നേര്‍ത്ത ശ്രുതി എന്നോ എന്നെ വിട്ടു പിരിഞ്ഞു. ചുറ്റും നടക്കുന്ന പകിട കളിയില്‍ പെട്ട് തല പുകക്കുമ്പോള്‍ എന്നെ വിട്ടു പോയ ഒട്ടനേകം കൊച്ചു സന്തോഷങ്ങളില്‍ ഒന്ന് മാത്രം ആയിരുന്നു ഈ സംഗീതം എന്ന് വേദനയോടെ ഞാന്‍അറിയുന്നു.

എന്തിനും ഏതിനും ഉത്തരം തേടാന്‍ എന്നെ സഹായിക്കുന്ന അപ്പൂപ്പന്റെ ആത്മാവിനോടു ഞാന്‍ ഇതേപറ്റി കരഞ്ഞു പറഞ്ഞു. മുരളുന്ന ശബ്ദത്തില്‍ അദ്ദേഹം പിറുപിറുത്തു. "നിനക്ക് വേദനിക്കാന്‍ നഷ്ടസംഗീതങ്ങള്‍ എങ്കിലും ബാക്കി. ജീവിതത്തിന്റെ സംഗീതം എന്തെന്ന് പോലും അറിയാത്ത എത്ര എത്രപേര്‍ . അവരോ ?"

കണ്ണടച്ചു ഇരുട്ടാക്കി ഞാന്‍ എന്റെ പാട്ട് പെട്ടി ഉറക്കെ വെച്ച് ചരിഞ്ഞു കിടന്നു കൂര്‍ക്കം വലിച്ചു

2009, ജൂലൈ 20

മുപ്പത്തഞ്ചു വര്‍ഷത്തെ സര്‍വീസ്‌

1974. ജനനം
1977. എല്‍ കെ ജി അഡ്മിഷന്‍ - Holy Angels High School, Adoor
1978. ആദ്യ പ്രസംഗം
1979. ഒന്നാം ക്ലാസ്സ്
1981. അനിയന്റെ ജനനം - അരവിന്ദ്
1984. ആദ്യത്തെ ശബരി മല കയറ്റം
1985- 1987. കള്ളത്തരങ്ങളുടെ നീണ്ട പരമ്പര - ജീവിതത്തിലെ ഏറ്റവും മോശം സമയം
1987. മനസ്സില്‍ മൊട്ടിട്ട ആദ്യ പ്രണയം
1989. ഒരു മാസത്തെ സംഗീത പഠനം
1989. എസ് എസ് എല്‍ സി പാസ്‌
1989- 1991. പ്ലസ്‌ ടു പഠനവും പാസ്സും , St Thomas Residential School, തിരുവനന്തപുരം
1991. എഞ്ചിനീയറിംഗ് അഡ്മിഷന്‍ TKM College of Engineering, കൊല്ലം
1991. ചീട്ടു കളി പഠിച്ചു
1992. ആദ്യമായി ഒരു പരീക്ഷ തോറ്റു - Engineering Mechanics
1992. കേരള യാത്ര
1992. പുകവലിക്കു തുടക്കം
1993. തെക്കേ ഇന്ത്യന്‍ പര്യടനം - Bangalore, Mysore, Ootty
1993. കുടജാദ്രിയില്‍ കുടി കൊണ്ടു - പന്ത്രണ്ടു കിലോ മീറ്റര്‍ മല കയറ്റം. ആദ്യമായി മദ്യം രുചിച്ചു
1993. കീച്ച്, റമ്മി, അമ്പത്താറു , മൂവായിരം, ഇരുപത്തെട്ടു, കഴുത - ചീട്ടു കളിയില്‍ പ്രാവീണ്യം
1994. SFI ഇലക്ഷന്‍ പ്രചരണം. വലത്ത് നിന്നും ഇടത്തേക്ക് ഉള്ള വലിയ മാറ്റം
1995. അഖിലേന്ത്യാ പര്യടനം - Madras, Shimla, Delhi, Agra, Goa, Malpe, Punjab
1993. താജ് മഹലും, ഷിംലയിലെ മഞ്ഞും, ജലന്ധറിലെ പേടിപ്പെടുത്തുന്ന സായാഹ്നവും
1995. ബിരുദ ധാരി
1995. മഞ്ഞ പിത്തവും ചിക്കന്‍ പോക്സും - രോഗാരിഷ്ടതകളുടെ കാലം
1996. ആദ്യത്തെ ജോലിയും ശമ്പളവും - Wipro GE Medical Systems
1996- 1997. ബെങ്കലുരുവില്‍ താമസം. എയര്‍പോര്‍ട്ട് റോഡിലെ സന്തോഷം നിറഞ്ഞ ദിനങ്ങള്‍
1996. രണ്ടു ദിവസത്തെ വയലിന്‍ പഠനം
1996. ആദ്യ വിമാന യാത്ര - Jet Airways to Delhi
1996. ആദ്യ വിദേശ യാത്ര. Milwauke, Wisconsin
1997. ഹൊഗനെക്കലിലെക്കു ഒരു യാത്ര. വട്ട വള്ളത്തിലെ മറക്കാനാവാത്ത സവാരി
1997. അമേരികന്‍ ഐക്യ നാടുകളില്‍ ആദ്യ ജോലി - Connectus
1997. നയാഗ്ര ദേവിയെ തൊഴുതു, ഷേനണ്ടോവയിലെ വസന്തം, വാഷിംഗ്‌ടണ്‍ ഡി സി, ന്യൂയോര്‍ക്ക്‌ സന്ദര്‍ശനം
1997. ആദ്യ ജപ്പാന്‍ സന്ദര്‍ശനം - NEC Japan
1998. ബോസ്ട്ടനിലേക്ക് മാറി താമസം - ജീവിതത്തിലെ നല്ല സമയം
1998. ആദ്യത്തെ ഫ്ലോറിഡ യാത്ര - ഡിസ്നി ലാന്‍ഡ്‌
1998. രണ്ടു വര്‍ഷത്തെ വിദേശ പഠനം - F W Olin Graduate School of Management
1998. ടൈം സ്ക്വയറിലെ പുതു വര്‍ഷ രാത്രി
1999. കൊര്‍ണേല്‍ സര്‍വകലാശാലയില്‍ രണ്ടു ദിവസം
1999. കര്‍മ ക്ലബ്ബിലെ നൃത്ത ചുവടുകള്‍
1999. ലാസ് വേഗസിലെ ചൂതിന്റെ രാത്രികള്‍
1999. നാഷ്വയിലെ മനോഹരമായ കൂടാരം
1999. കേപ് കോഡിലെ സുന്ദരമായ വാരാന്ത്യങ്ങള്‍
1999. ആദ്യ കാനഡ സന്ദര്‍ശനം
2000. വിവാഹിതന്‍ - ഭാര്യ സിന്ധു
2001. ആദ്യത്തെ പിരിച്ചു വിടല്‍
2001. സിന്ധുവും ഒത്തൊരു മഞ്ഞു മലയില്‍
2001. സിന്ധുവും ഒത്തൊരു ഗോവ യാത്ര
2001. ആദ്യത്തെ സ്റ്റാര്‍ട്ട്‌ അപ്പ്‌ അനുഭവം - ടെലിക്ക
2002. രണ്ടാം ഫ്ലോറിഡ യാത്ര
2002. ഫോക്സ് വുഡ്സ് ഇലെ ബ്ലാക്ക്‌ജാക്ക് ടേബിള്‍
2002. മെയിനിലെ മഞ്ഞു മലകളില്‍ ക്യാമ്പിംഗ്
2002. ആദ്യത്തെ നാടക അഭിനയം
2003. ആദ്യത്തെ കണ്മണി - മകന്‍ ദേവ നന്ദന്‍
2003. തിരിച്ചു നാട്ടിലേക്ക്
2003. കൂര്‍ഗിലേക്ക് ഒരു ഒരു യാത്ര
2004. സ്വന്തം കമ്പനി - ക്രിയേര
2004. 13 സെന്റിന് ഉടമ
2005. ബ്ലോഗിങ്ങ് തുടക്കം
2005. അഗസ്ത്യ കൂടം കയറിയ സാഹസിക യാത്ര
2005. വീട് പണിക്കു തുടക്കം
2006. ജ്യോതിഷ പഠനം
2006. ഗുട്ഗാവില്‍ ആദ്യം
2006. തേയില തോട്ടങ്ങള്‍ക്ക് നടുവില്‍ രണ്ടു ദിവസം - കുട്ടിക്കാനത്തെ കൂറ്റന്‍ ബംഗ്ലാവില്‍
2007. പുതിയ ഓഫീസിനു തുടക്കം
2008. രണ്ടാമത്തെ കുഞ്ഞു - മകള്‍ ശിവാനി
2008. സ്വന്തം വീട്
2008. പുതിയ ഓഫീസ്
2008. ആദ്യത്തെ യുറോപ്പ് യാത്ര
2008. ആദ്യത്തെ ദുബായ് യാത്ര
2009. ആദ്യമായി മുംബെയില്‍
2009. പോത്തും പുലിയും ഒത്തു ഗവിയിലെ രണ്ടു രാത്രികള്‍
2009. വര്‍ക്കല തീരത്ത് കുടുംബത്തിനൊപ്പം
2009. ജര്‍മന്‍ പഠനം -Goethe Zentrum
അനുസ്യുതം തുടരുന്ന ജീവിത യാത്ര - ഇനി എന്തൊക്കെ ആരൊക്കെ ആണോ ആവോ ?

2009, ജൂൺ 29

ഭ്രമരം


ഒരു പറ്റം ലാലേട്ടന്‍ ഫാന്‍സിന്റെ കൂടെ താഴത്തെ നിലയില്‍ ഇരുന്നു ഞാനും സിന്ധുവും ഭ്രമരം കണ്ടു. ചിത്രത്തിന് എന്തിനു ഭ്രമരം എന്ന് പേരിട്ടു എന്നത് ഇപ്പോഴും ഒരു സമസ്യ. പതിവ് പോലെ ജയ്‌ വിളികളും ശൂളം വിളികളും കൊണ്ടു മുഖരിതമായ തിയേറ്റര്‍ പക്ഷെ പെട്ടെന്ന് തന്നെ ചലച്ചിത്രത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു നിശബ്ദം ആയി. പതിവ് മീശ ചുരുട്ടലുകള്‍ വിട്ടു കോടമ്പാക്കത്തെ നീല തെരുവില്‍ ലാലിനെ കൊണ്ടിറക്കിയ ബ്ലെസ്സി മെതേഡ്‌ കലക്കി. താര മൂല്യം തലയ്ക്കു പിടിക്കാത്ത രണ്ടാം നിര നായകന്മാരെ വെച്ച് സ്വാഭാവികത കൊണ്ട് വരാനുള്ള ബ്ലസ്സിയുടെ ശ്രമവും ഒരു പരിധി വരെ വിജയിച്ചു. തന്റെ താല്പര്യങ്ങള്‍ ആയ യോഗ, പാചകം, പെണ്‍കുട്ടികള്‍ ഇവ എല്ലാം ഒരു സംവിധായകന്റെ കരുത്തുറ്റ കൈകളില്‍ നിന്ന് മോഹന്‍ ലാല്‍ സൂക്ഷിച്ചു ഉപയോഗിച്ചു എന്നതാണ് ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു ലോറി തെരുവില്‍ വെച്ച് ഉപയോഗിച്ച രണ്ടു തറ തമാശ പോലും എല്ലാവര്‍ക്കും ബോധിച്ചു. അങ്ങനെ രസം പിടിച്ചു രസം പിടിച്ചു രണ്ടാം പകുതിയുടെ രണ്ടാം പകുതി എത്തിയപ്പോള്‍ അത് വരെ ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന കുട്ടി പെട്ടെന്ന് മയങ്ങിയ ഒരു അവസ്ഥ ആയി പോയി ബ്ലെസ്സിയുടെതു. അത് വരെ ഒരു ലളിത ഗാനം പോലെ പോയ പടം പെട്ടെന്ന് വായു കേറിയ അപ്പാപ്പന്റെ അവസ്ഥ പോലെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ആടാന്‍ തുടങ്ങി. ഘട്ടത്തില്‍ പാട്ടൊന്നു പാടി തീര്‍ന്നതും മുന്‍ നിരയില്‍ നിന്നുയര്‍ന്ന "അണ്ണാറ കണ്ണാ വാ" എന്ന കാറല്‍ ഒട്ടൊന്നുമല്ല കാണികള്‍ക്ക് രസിച്ചത്. അവര്‍ അതിനെ കൈ കൊട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്തായാലും അവസാനത്തെ കുറെ നേരം ലാല്‍ എന്ന നടനും, ഭ്രമരത്തിന്റെ തിരക്കഥയും സംവിധായകന്റെ കയ്യില്‍നിന്നും പാടെ വഴുതി പോയി. അവസാനത്തെ വണ്ടിനെ പറപ്പിച്ച നമ്പര്‍ (പണ്ടിത് ഒരു ഇംഗ്ലീഷ്പടത്തില്‍ ഈച്ചയെ വെച്ച് ശക്തമായി ഉപയോഗിക്കപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല, അല്പംഅരോചകം ആയി തോന്നി )

മനസ്സിലായത്‌ പറയട്ടെ സാര്‍ . ശക്തമായ ഒരു തിരക്കഥയുടെ ചട്ട കൂട്ടില്‍ മാത്രമേ നടന്മാരുടെ ലോകോത്തര പ്രകടനങ്ങള്‍ പുറത്തു വരൂ. അതില്‍ വരുന്ന ഒരു ചെറിയ പാളിച്ച പോലും ലാലിനെ പോലൊരു നടന്‍, സംവിധായകനെ ധിക്കരിച്ചു തന്റെ സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ ഇടയാക്കും. മറ്റു ചിത്രങ്ങളില്‍ ആദ്യാവസാനം ഇത് സംഭവിക്കുമ്പോള്‍ ഇവിടെ അത് അവസാനത്തെ മുപ്പതു മിനിറ്റില്‍ സംഭവിച്ചു. ബ്ലെസ്സി ശ്രദ്ധിക്കുമല്ലോ അല്ലെ ? എന്തായാലും നൂറു രൂപ മുടക്കുന്നതില്‍ തെറ്റില്ല .

2009, ജൂൺ 26

എന്റെ ഗേള്‍ ഫ്രെണ്ട്


ജീവിതം തീരെ വിരസം എന്ന് തോന്നുമ്പോള്‍ സഞ്ചിയും തൂക്കി നഗരത്തിലെ നനഞ്ഞ വഴികളില്‍ കൂടി ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു തിരിയുക എന്നത് എന്റെ മറ്റൊരു ഭ്രാന്തു. ഇതിനിടെ വീണു കിട്ടുന്നഒരു ചൂട് മുളക് ബജ്ജിയോ, ഡി സി ബുക്സില്‍ നിന്ന് കിട്ടുന്ന ഒരു നല്ല പുസ്തകമോ, വഴിയോരത്ത് കാണുന്ന ഒരു പഴയ സുഹൃത്തോ മതിയാവും മരവിച്ച മനസ്സിനെ ഒന്ന് തീ പിടിപ്പിക്കാന്‍. അത്തരം ഒരു ഇടവപ്പാതി ദിവസത്തില്‍ ആണ് ഞാന്‍ അഗ്നുസിനെ കണ്ടു മുട്ടുന്നത്. ഒരു അഞ്ചര അടി പൊക്കവും ഇരു നിറവും മെലിഞ്ഞു ശ്രീത്വമുള്ള മുഖവും ആഗ്നസിന്റെ ഐഡന്റിറ്റി ആയിരുന്നു. അതിലുപരി കണ്ണുകളില്‍ എന്തോ തിരയുന്ന കനലുകളും.

നഗരത്തിലെ പുതിയ പുളകങ്ങളായ റേഡിയോ ജോക്കി തിരഞ്ഞെടുപ്പിനുള്ള നീണ്ട ക്യുവില്‍ എന്റെ തൊട്ടു മുന്നില്‍ ആയിരുന്നു അവളുടെ സ്ഥാനം. ഒരു പതിനഞ്ച് വയസ്സെങ്കിലും പ്രായ വ്യത്യാസംഉണ്ടായിരുന്നിട്ടും ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. നല്ല ശുദ്ധമായ മലയാളം. എവിടെയെക്കെയോ കറങ്ങിനടക്കുന്ന മനസ്സ്. ഒരു പാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം എന്ന വാശി. ആര മണിക്കൂര്‍ കൊണ്ടു ഞങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു. ചിരിച്ചു തര്‍ക്കിച്ചു അന്യോന്യം കളിയാക്കി. ഒടുവില്‍ ഇന്റര്‍വ്യൂ മതിയാക്കി പിരിയുമ്പോള്‍ മനസ്സില്‍ എവിടെയോ വിരഹത്തിന്റെ നീണ്ട നെടുവീര്‍പ്പ് അവള്‍ ബാക്കി നിര്‍ത്തി. അഭാസങ്ങളുടെ ഭാരം പെറാതെ വെറുതെ ചിരിക്കാനും കരയാനും കളിയാക്കാനും മനസ്സ് തുറന്നിരിക്കാനും ഒരു പെണ്‍ സുഹൃത്ത്‌ ഉണ്ടായിരുന്നെങ്കില്‍ ... അപ്പോള്‍ എന്റെ രണ്ടു കുഞ്ഞുങളെയും എന്നെയും പൊന്നു പോലെ നോക്കുകയും എനിക്ക് പുറം തടവി തരുകയും ചായയും സോപ്പും തോര്‍ത്തുംഎടുത്തു തരികയും ഓരോ ആപല്‍ ഘട്ടത്തിലും എന്റെ ഒപ്പം താങ്ങും തണലും ആയി നില്‍ക്കുന്ന എന്റെ കൂട്ടുകാരിയെ ഞാന്‍ അറിയാതെ ഓര്‍ത്തു. മനസ്സിന്റെ കഷണങ്ങളും വാരി കൂട്ടി ഞാന്‍ വീട്ടിലേക്കു വണ്ടി പിടിച്ചു.