2009, ജൂൺ 29

ഭ്രമരം


ഒരു പറ്റം ലാലേട്ടന്‍ ഫാന്‍സിന്റെ കൂടെ താഴത്തെ നിലയില്‍ ഇരുന്നു ഞാനും സിന്ധുവും ഭ്രമരം കണ്ടു. ചിത്രത്തിന് എന്തിനു ഭ്രമരം എന്ന് പേരിട്ടു എന്നത് ഇപ്പോഴും ഒരു സമസ്യ. പതിവ് പോലെ ജയ്‌ വിളികളും ശൂളം വിളികളും കൊണ്ടു മുഖരിതമായ തിയേറ്റര്‍ പക്ഷെ പെട്ടെന്ന് തന്നെ ചലച്ചിത്രത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു നിശബ്ദം ആയി. പതിവ് മീശ ചുരുട്ടലുകള്‍ വിട്ടു കോടമ്പാക്കത്തെ നീല തെരുവില്‍ ലാലിനെ കൊണ്ടിറക്കിയ ബ്ലെസ്സി മെതേഡ്‌ കലക്കി. താര മൂല്യം തലയ്ക്കു പിടിക്കാത്ത രണ്ടാം നിര നായകന്മാരെ വെച്ച് സ്വാഭാവികത കൊണ്ട് വരാനുള്ള ബ്ലസ്സിയുടെ ശ്രമവും ഒരു പരിധി വരെ വിജയിച്ചു. തന്റെ താല്പര്യങ്ങള്‍ ആയ യോഗ, പാചകം, പെണ്‍കുട്ടികള്‍ ഇവ എല്ലാം ഒരു സംവിധായകന്റെ കരുത്തുറ്റ കൈകളില്‍ നിന്ന് മോഹന്‍ ലാല്‍ സൂക്ഷിച്ചു ഉപയോഗിച്ചു എന്നതാണ് ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു ലോറി തെരുവില്‍ വെച്ച് ഉപയോഗിച്ച രണ്ടു തറ തമാശ പോലും എല്ലാവര്‍ക്കും ബോധിച്ചു. അങ്ങനെ രസം പിടിച്ചു രസം പിടിച്ചു രണ്ടാം പകുതിയുടെ രണ്ടാം പകുതി എത്തിയപ്പോള്‍ അത് വരെ ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന കുട്ടി പെട്ടെന്ന് മയങ്ങിയ ഒരു അവസ്ഥ ആയി പോയി ബ്ലെസ്സിയുടെതു. അത് വരെ ഒരു ലളിത ഗാനം പോലെ പോയ പടം പെട്ടെന്ന് വായു കേറിയ അപ്പാപ്പന്റെ അവസ്ഥ പോലെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ആടാന്‍ തുടങ്ങി. ഘട്ടത്തില്‍ പാട്ടൊന്നു പാടി തീര്‍ന്നതും മുന്‍ നിരയില്‍ നിന്നുയര്‍ന്ന "അണ്ണാറ കണ്ണാ വാ" എന്ന കാറല്‍ ഒട്ടൊന്നുമല്ല കാണികള്‍ക്ക് രസിച്ചത്. അവര്‍ അതിനെ കൈ കൊട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്തായാലും അവസാനത്തെ കുറെ നേരം ലാല്‍ എന്ന നടനും, ഭ്രമരത്തിന്റെ തിരക്കഥയും സംവിധായകന്റെ കയ്യില്‍നിന്നും പാടെ വഴുതി പോയി. അവസാനത്തെ വണ്ടിനെ പറപ്പിച്ച നമ്പര്‍ (പണ്ടിത് ഒരു ഇംഗ്ലീഷ്പടത്തില്‍ ഈച്ചയെ വെച്ച് ശക്തമായി ഉപയോഗിക്കപ്പെട്ടത് കൊണ്ടാണോ എന്നറിയില്ല, അല്പംഅരോചകം ആയി തോന്നി )

മനസ്സിലായത്‌ പറയട്ടെ സാര്‍ . ശക്തമായ ഒരു തിരക്കഥയുടെ ചട്ട കൂട്ടില്‍ മാത്രമേ നടന്മാരുടെ ലോകോത്തര പ്രകടനങ്ങള്‍ പുറത്തു വരൂ. അതില്‍ വരുന്ന ഒരു ചെറിയ പാളിച്ച പോലും ലാലിനെ പോലൊരു നടന്‍, സംവിധായകനെ ധിക്കരിച്ചു തന്റെ സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ ഇടയാക്കും. മറ്റു ചിത്രങ്ങളില്‍ ആദ്യാവസാനം ഇത് സംഭവിക്കുമ്പോള്‍ ഇവിടെ അത് അവസാനത്തെ മുപ്പതു മിനിറ്റില്‍ സംഭവിച്ചു. ബ്ലെസ്സി ശ്രദ്ധിക്കുമല്ലോ അല്ലെ ? എന്തായാലും നൂറു രൂപ മുടക്കുന്നതില്‍ തെറ്റില്ല .

2009, ജൂൺ 26

എന്റെ ഗേള്‍ ഫ്രെണ്ട്


ജീവിതം തീരെ വിരസം എന്ന് തോന്നുമ്പോള്‍ സഞ്ചിയും തൂക്കി നഗരത്തിലെ നനഞ്ഞ വഴികളില്‍ കൂടി ഒരു ലക്ഷ്യവും ഇല്ലാതെ അലഞ്ഞു തിരിയുക എന്നത് എന്റെ മറ്റൊരു ഭ്രാന്തു. ഇതിനിടെ വീണു കിട്ടുന്നഒരു ചൂട് മുളക് ബജ്ജിയോ, ഡി സി ബുക്സില്‍ നിന്ന് കിട്ടുന്ന ഒരു നല്ല പുസ്തകമോ, വഴിയോരത്ത് കാണുന്ന ഒരു പഴയ സുഹൃത്തോ മതിയാവും മരവിച്ച മനസ്സിനെ ഒന്ന് തീ പിടിപ്പിക്കാന്‍. അത്തരം ഒരു ഇടവപ്പാതി ദിവസത്തില്‍ ആണ് ഞാന്‍ അഗ്നുസിനെ കണ്ടു മുട്ടുന്നത്. ഒരു അഞ്ചര അടി പൊക്കവും ഇരു നിറവും മെലിഞ്ഞു ശ്രീത്വമുള്ള മുഖവും ആഗ്നസിന്റെ ഐഡന്റിറ്റി ആയിരുന്നു. അതിലുപരി കണ്ണുകളില്‍ എന്തോ തിരയുന്ന കനലുകളും.

നഗരത്തിലെ പുതിയ പുളകങ്ങളായ റേഡിയോ ജോക്കി തിരഞ്ഞെടുപ്പിനുള്ള നീണ്ട ക്യുവില്‍ എന്റെ തൊട്ടു മുന്നില്‍ ആയിരുന്നു അവളുടെ സ്ഥാനം. ഒരു പതിനഞ്ച് വയസ്സെങ്കിലും പ്രായ വ്യത്യാസംഉണ്ടായിരുന്നിട്ടും ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. നല്ല ശുദ്ധമായ മലയാളം. എവിടെയെക്കെയോ കറങ്ങിനടക്കുന്ന മനസ്സ്. ഒരു പാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം എന്ന വാശി. ആര മണിക്കൂര്‍ കൊണ്ടു ഞങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു. ചിരിച്ചു തര്‍ക്കിച്ചു അന്യോന്യം കളിയാക്കി. ഒടുവില്‍ ഇന്റര്‍വ്യൂ മതിയാക്കി പിരിയുമ്പോള്‍ മനസ്സില്‍ എവിടെയോ വിരഹത്തിന്റെ നീണ്ട നെടുവീര്‍പ്പ് അവള്‍ ബാക്കി നിര്‍ത്തി. അഭാസങ്ങളുടെ ഭാരം പെറാതെ വെറുതെ ചിരിക്കാനും കരയാനും കളിയാക്കാനും മനസ്സ് തുറന്നിരിക്കാനും ഒരു പെണ്‍ സുഹൃത്ത്‌ ഉണ്ടായിരുന്നെങ്കില്‍ ... അപ്പോള്‍ എന്റെ രണ്ടു കുഞ്ഞുങളെയും എന്നെയും പൊന്നു പോലെ നോക്കുകയും എനിക്ക് പുറം തടവി തരുകയും ചായയും സോപ്പും തോര്‍ത്തുംഎടുത്തു തരികയും ഓരോ ആപല്‍ ഘട്ടത്തിലും എന്റെ ഒപ്പം താങ്ങും തണലും ആയി നില്‍ക്കുന്ന എന്റെ കൂട്ടുകാരിയെ ഞാന്‍ അറിയാതെ ഓര്‍ത്തു. മനസ്സിന്റെ കഷണങ്ങളും വാരി കൂട്ടി ഞാന്‍ വീട്ടിലേക്കു വണ്ടി പിടിച്ചു.